സെവെലോദ് പുഡോഫ്കിൻ (ജനനം – 1893 ഫെബ്രുവരി 28) Vsevolod Pudovkin
പുഡോഫ്കിൻ എന്നറിയപ്പെട്ട സെവെലോദ് ഇല്ലാരിയോനോവിച് പുഡോഫ്കിൻ വിഖ്യാതനായ സോവിയറ്റ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും ചലച്ചിത്ര സൈദ്ധാന്തികനുമാണ്. ചലച്ചിത്രകലയുടെ മേഖലയിൽ ആദ്യകാലത്ത് നൂതനമായ സങ്കേതങ്ങൾ കണ്ടെത്തി പ്രയോഗിച്ച മഹാനായ കലാകാരൻ കൂടിയാണ് പുഡോഫ്കിൻ. കഥാപാത്രങ്ങളുടെ ആന്തരിക ചോദനകളെയും വികാരങ്ങളെയും അപഗ്രഥിക്കുന്ന രീതിയിൽ ദൃശ്യങ്ങളൊരുക്കുന്നതിൽ വിദഗ്ദ്ധനുമായിരുന്നു അദ്ദേഹം.
റഷ്യയിലെ പെൻസയിൽ ജനിച്ച പുഡോഫ്കിൻ, രസതന്ത്രം പഠിക്കാനാരംഭിച്ചുവെങ്കിലും ഒന്നാം ലോകയുദ്ധത്തെത്തുടന്ന് കുറേക്കാലം തടവിലാക്കപ്പെട്ടു. മോചിതനായ ശേഷം പഠനം തുടർന്നുവെങ്കിലും ഡി. ഡബ്ല്യു. ഗ്രിഫിത്തിന്റെ ഇൻടോളറൻസ് എന്ന സിനിമ കാണാനിടയായതോടുകൂടി മുഴുവൻ താൽപര്യവും സിനിമ എന്ന മാധ്യമത്തിലേക്ക് തിരിഞ്ഞു. തുടർന്ന് മോസ്കൊയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സിനെമാറ്റൊഗ്രഫിയിൽ ചേർന്നു. അവിടെ അദ്ദേഹം ലെവ് കുളെഷേവിനെപ്പോലെ വിഖ്യാതരായ റഷ്യൻ ചലച്ചിത്രസൈദ്ധാന്തികരോടൊപ്പമാണ് ചെലവഴിച്ചിരുന്നത്. തനിക്കുള്ളിലെ സിനിമാ കലാകാരനെ വളരെ മനോഹരമായി വാർത്തെടുത്ത കാലഘട്ടമായിരുന്നു ഇത്. ഇക്കാലത്താണ് മൊണ്ടാഷ് ഉൾപ്പെടെയുള്ള നൂതനമായ എഡിറ്റിങ് സങ്കേതങ്ങൾ വികസിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.
1925ൽ പുറത്തുവന്ന ചെസ് ഫീവർ ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. പിന്നീട് പാവ്‍ലോവിന്റെ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രമായ മെക്കാനിക്സ് ഒഫ് ദ് ബ്രയ്ൻ 1926ൽ ചെയ്തു. ചലച്ചിത്രരംഗത്ത് അദ്ദേഹത്തിന് ആദ്യമായി ഇടം നേടിക്കൊടുത്ത ചിത്രമാണ് ഇത്. തുടർന്ന് വിഖ്യാത ഫീച്ചർസിനിമകളായ മദർ (1926), എന്റ് ഒഫ് സെന്റ് പീറ്റേഴ്സ്ബർഗ് (1927), സ്റ്റോം ഓവർ ഏഷ്യ (ഹെയർ റ്റു ചെങ്കിസ് ഖാൻ – 1928) എന്നീ ചിത്രങ്ങൾ എടുത്തു. ഈ മൂന്ന് ചിത്രങ്ങളും സോവിയറ്റ് നിശബ്ദ ചിത്രകാലത്തെ ഏറ്റവും മികച്ച ചിത്രങ്ങളായി ഇന്നും വിലയിരുത്തപ്പെടുന്നവയാണ്.
ശബ്ദചലച്ചിത്രങ്ങളുടെ വരവോടെ അദ്ദേഹവും സെർഗി ഐസൻസ്റ്റീനും ഗ്രിഗറി അലക്സാണ്ട്രോവും ചേർന്ന് മാനിഫെസ്റ്റൊ ഒഫ് സൗണ്ട് പുറത്തിറക്കുകയുണ്ടായി. സിനിമയിൽ ശബ്ദത്തിന്റെ സാധ്യതകളെക്കുറിച്ചാണ് ഈ മാനിഫെസ്റ്റൊ പറഞ്ഞിരുന്നത്. എ സിംപ്ൾ കേസ് (1932), ദ് ഡിസെർടർ (1933), ദ് മർഡറേർസ് ആർ കമിങ് (1942), ഇൻ ദ് നേം ഒഫ് ദ് ഫാദർലാന്റ് (1943), അഡ്മിറൽ നഖിമോവ് (1947) എന്നിവ അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങളാണ്. ഐസൻസ്റ്റീനിന്റെ ഇവാൻ ദ് ടെറിബ്ൾ എന്ന ചിത്രത്തിലും മറ്റ് പല ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.
അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമാത്രമല്ല അതിലുപരി കൃത്യമായി ഉപയോഗിക്കപ്പെടുന്ന എഡിറ്റിങ് സങ്കേതങ്ങൾ കൊണ്ടാണ് ഒരു സീനിന്റെ വൈകാരികമായ ഉള്ളടക്കം നിർമിക്കപ്പെടുന്നത് എന്ന് ഉറച്ച് വിശ്വസിക്കുകയും ആ രീതിയിൽ എഡിറ്റിങിനെ സ്വന്തം ചിത്രങ്ങളിൽ പരീക്ഷിക്കുകയും ചെയ്തിരുന്ന സംവിധായകനായിരുന്നു പുഡോഫ്കിൻ. ഫിലിം എഡിറ്റിങിൽ പുതിയ അനേകം സാധ്യതകൾ കണ്ടെത്തുകയും അതിനെ സൈദ്ധാന്തികമായി വിശദീകരിക്കുകയും അവ പരീക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഫിലിം ടെക്നിക്, ഫിലിം ആക്റ്റിങ് എന്നീ രണ്ട് പുസ്തകങ്ങൾ ഈ മേഖലയിൽ ഇന്നും ധാരാളം പഠിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന മഹത്തായ കൃതികളാണ്. ചലച്ചിത്രകമേഖലയിൽ ഗൗരവമായ താൽപര്യമുള്ള ആളുകൾ മറക്കാതെ വായിക്കുന്ന, വായിച്ചിരിക്കേണ്ടുന്ന കൃതികൾ കൂടിയാണിത്. സ്റ്റാൻലി കുബ്രിക്, ആൽഫ്രഡ് ഹിച്കോക് തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്രകാരന്മാർ എന്നും മാതൃകയാക്കിയിരുന്ന ഒരു ചലച്ചിത്രകാരൻ കൂടിയായിരുന്നു പുഡോഫ്കിൻ.
ഓർഡർ ഒഫ് ലെനിൻ എന്ന പ്രശസ്ത പുരസ്കാരം ഉൾപ്പെടെ അനേകം പുരസ്കാരങ്ങൾ നേടിയിരുന്ന വ്യക്തിയായ പുഡോഫ്കിൻ അന്തരിച്ചത് 1953 ജൂൺ 30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
എഴുത്ത് : ആര്‍. നന്ദലാല്‍
ഡിസൈന്‍ : പി പ്രേമചന്ദ്രന്‍
പുഡോഫ്കിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ചുള്ള 11 മിനുട്ടുള്ള ഡോക്യുമെന്ററി കാണാം.
V k Joseph
February 28, 2021 at 12:35 pmHe is one of the master filmmaker who tried to construct the basic grammer of the film..
Congratulations for remembering him
Satheesh Chelat
February 28, 2021 at 1:38 pmTheo Angelopoulos ന്റെ സിനിമകൾ കാണാനാഗ്രഹമുണ്ട്. എന്താണ് മാർഗ്ഗം?