ആന്ദ്രെയ് വയ്ദ (ജനനം -1926 മാ‍ർച്ച് 6)

ജന്മദിന സ്മരണ

ആന്ദ്രെയ് വയ്ദ (ജനനം – 1926 മാ‍ർച്ച് 6) Andrzej Wajda

ലോകപ്രശസ്തനായ പോളിഷ് സംവിധായകനാണ് ആന്ദ്രെയ് വയ്ദ. രണ്ടാംലോകയുദ്ധാനന്തര പോളണ്ടിലെ യാഥാർത്ഥ്യങ്ങളെ ലോകത്തോട് വിളിച്ചുപറഞ്ഞ പ്രതിഭാധനരായ ഒരു കൂട്ടം സിനിമാപ്രവർത്തകരുടെ, ‘പോളിഷ് ഫിലിം സ്കൂൾ’ എന്നറിയപ്പെട്ടിരുന്ന കൂട്ടായ്മയിലെ സുപ്രധാന അംഗമായിരുന്നു ആന്ദ്രെയ് വയ്ദ. പോളണ്ടിന്റെ രാഷ്ട്രീയ സാമൂഹ്യ പരിണാമത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി, ഒരു രീതിയിലുമുള്ള വിട്ടുവീഴ്ചകൾക്കും തയ്യാറാകാത്ത ദൃശ്യഭാഷയിലേക്ക് അദ്ദേഹം പകർത്തി.

ഒരു പോളിഷ് പട്ടാളക്കാരന്റെ മകനായി പോളണ്ടിലെ സുവാൽകിയിൽ ആണ് ആന്ദ്രെയ് വയ്ദ ജനിച്ചത്. അമ്മ അധ്യാപികയായിരുന്നു. 1942ൽ സോവിയറ്റ് ആക്രമത്തെത്തുടർന്ന് അച്ഛൻ കൊല്ലപ്പെട്ട ശേഷം അദ്ദേഹം പോളണ്ടിലെ യുദ്ധ-ഫാഷിസ്റ്റ് പ്രതിരോധ ഗ്രൂപ്പുകൾക്കൊപ്പം പ്രവർത്തിച്ചു. തുടർന് ക്രാകൊവ് അക്കാദമിയിൽ ചിത്രകാരനാവാനുള്ള പരിശീലനം നേടി. തുടർന്ന് പോളണ്ടിലെ വിഖ്യാതമായ ലോഡ്സ് ഫിലിം സ്കൂളിൽ ചേർന്നു. അലക്സാണ്ടർ ഫോഡ് എന്ന പ്രസിദ്ധ സംവിധായകന്റെ കീഴിൽ പ്രവർത്തിച്ച അദ്ദേഹം 1955ലാണ് എ ജനറേഷൻ എന്ന തന്റെ ആദ്യത്തെ ഫീച്ചർചിത്രം സംവിധാനം ചെയ്തത്. അന്ധമായ ദേശസ്നേഹത്തെയും യുദ്ധത്തെ മഹത്വവത്കരിക്കുന്ന ഭാഷണങ്ങളെയും ഈ ചിത്രത്തിലൂടെ അദ്ദേഹം നിശിതമായി വിമർശിച്ചു. സിബിന്യൂ സൈബുൾസ്കി എന്ന നടനെ ആദ്യമായി അഭിനയിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്. വയ്ദയുടെ ഏറ്റവും പ്രിയപ്പെട്ട നടനായി സൈബുൾസ്കി ഇതിലൂടെ മാറുകയായിരുന്നു. 1967ൽ ഒരു വാഹനാപകടത്തിൽ സൈബുൾസ്കി കൊല്ലപ്പെടുന്നതുവരെ, വയ്ദയുടെ മിക്ക ചിത്രങ്ങളിലും സൈബുൾസ്കിയായിരുന്നു പ്രധാന നടൻ.  സൈബുൾസ്കിയുടെ മരണം ഉണ്ടാക്കിയ ആഘാതത്തെത്തുടർന്നാണ് 1968ൽ അദ്ദേഹം എവ്‍രിതിങ് ഫോ‍ർ സേൽ എന്ന ചിത്രം എടുക്കുന്നത്. തീർത്തും പെഴ്സണൽ സിനിമ എന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമായിരുന്നു ഇത്.

പോളണ്ടിലെ സ്വതന്ത്ര തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുമായും അതിന്റെ നേതാവായ ലേ വലേസയുമായും ആത്മബന്ധം പുലർത്തിയിരുന്നു വ്യക്തിയായിരുന്നു വയ്ദ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അത് വളരെ വ്യക്തവുമാണ്. 1981ലെ അദ്ദേഹത്തിന്റെ മാൻ ഒഫ് മാ‍ർബ്ൾ എന്ന ചിത്രത്തിൽ ലേ വലേസ നേരിട്ട് പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഇതിനെത്തുടർന്ന് അന്നത്തെ പോളിഷ് സർക്കാർ വയ്ദയുടെ സിനിമാനിർമാണ കമ്പനിക്കെതിരായി കടുത്ത ഉപരോധങ്ങൾ കണ്ടുവന്നു. തുടർന്ന് കുറേക്കാലം ഫ്രാൻസിൽ ഒളിവിലായിരുന്ന വയ്ദ 1989ൽ ലേ വലേസ അധികാരത്തിലെത്തിയതോടെയാണ് പോളണ്ടിലേക്ക് തിരിച്ചെത്തുന്നത്.

യുദ്ധചിത്രത്രയങ്ങൾ എന്ന് പ്രശസ്തമായ എ ജനറേഷൻ (1955), കനാൽ (1957), ആഷസ് ഏന്റ് ഡയമണ്ട്സ് (1958) എന്നിവ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ലാന്റ്സ്കേപ് ആഫ്റ്റർ ദ ബാറ്റ്ൽ (1970), ദ് പ്രോമിസ്ഡ് ലാന്റ് (1974), മാൻ ഒഫ് മാ‍ർബ്ൾ (1977), ദ് മെയ്ഡ്സ് ഒഫ് വിൽകൊ (1979), മാൻ ഒഫ് അയേൺ (1981), ഡാന്റൺ (1983), കൊ‍ർസാക് (1990), ബ്രോക്കൺ സൈലൻസ് (2002), വലേസ മാൻ ഒഫ് ഹോപ് (2013), ആഫ്റ്ററിമേജ്  (2016) എന്നിവയെല്ലാം അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ഓണററി ഓസ്കാ‍ർ, കാനിലെ പാം ദി ഓർ, വെനീസിലെ ഗോൾഡൻ ലയൺ, ബെ‍ർലിനിലെ ഓണററി ഗോൾഡൻ ബെയർ തുടങ്ങി ലോകത്തിലെ പ്രമുഖമായ ഒട്ടുമിക്ക ചലച്ചിത്രപുരസ്കാരങ്ങളും വയ്ദയെ തേടിയെത്തിയിട്ടുണ്ട്.

വയ്ദയുടെ മരണാനന്തരം ദ് വയ‍ർ ഇൻ നുവേണ്ടി എഴുതിയ ഒരു അനുസ്മരണക്കുറിപ്പിൽ പാ‍ർത്ഥ ചാറ്റർജി ഇങ്ങനെ നിരീക്ഷിക്കുന്നു:

“ഡിജിറ്റൽ ഡൗൺലോഡുകളും ഇന്റ‍നെറ്റും നമുക്ക് തരുന്ന സൗകര്യങ്ങൾ കൊണ്ട് മടിപിടിച്ചുപോയ സിനിമാതൽപരരായ ഇന്നത്തെ തലമുറയോട് വയ്ദയുടെയും, കഴിഞ്ഞ 60 വർഷങ്ങളായി സിനിമാരംഗത്തുള്ള പരിണാമങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകളുടെയും പ്രാധാന്യത്തെക്കുറിച്ച് അറിയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തീർത്തും അസാന്മാർഗികമായ ഒരു രാഷ്ട്രീയകാലാവസ്ഥിയലൂടെയാണ് ലോകം മുഴുവൻ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എങ്കിലും, ഇന്നത്തെ യുവതലമുറ പ്രതിഭാധനരായിരുന്നിട്ട് പോലും ഇക്കാലത്തും സ്വസ്ഥരായിരിക്കുകയാണ്. അവരിൽ ഒട്ടുമിക്കയാളുകളും, എല്ലാവരുമല്ലെങ്കിൽക്കൂടി, സാമ്പത്തികനേട്ടത്തിൽ മാത്രം തൃപ്തി കണ്ടെത്തുന്നവരാണ്. ലോകത്തിൽ കഷ്ടതയനുഭവിക്കുന്നവരോട് അവർക്കുള്ള നിസ്സംഗത അങ്ങേയറ്റം നിരാശാജനകമാണ്. ഒരു കലാകാരൻ എന്ന നിലയിൽ വയ്ദയുടെ മാതൃകാപരമായ ജീവിതവും അദ്ദേഹത്തിന്റെ ചിന്തനീയമായ സിനിമകളും, ഇന്നത്തെ യുവതലമുറയുടെ മാനസികജഡത്വത്തെ കുടഞ്ഞുകളയുന്നതിന് ചെറിയ തോതിലെങ്കിലും സഹായകമായേക്കാം.”

2016 ഒക്ടോബർ 6 നാണ് തൊണ്ണൂറ് വയസ്സ് പിന്നിട്ട പോളിഷ് സിനിമയിലെയും ലോകസിനിമയിലെയും അതികായനായ ആന്ദ്രെയ് വയ്ദ കാലത്തിന്റെ വെള്ളിത്തിരയ്ക്ക് പിന്നിൽ മറഞ്ഞത്.

എഴുത്ത് : ആര്‍. നന്ദലാല്‍

ഡിസൈന്‍ : പി പ്രേമചന്ദ്രന്‍


Write a Reply or Comment

Your email address will not be published. Required fields are marked *